Sunday, February 21, 2010

കൊട്ടാരം വക റിയാലിറ്റി

മുടി നീട്ടി വളര്‍ത്തിയതവന്‍,
പറ്റെ മുറിച്ചതവള്‍.
അന്ന നടയുമായി അവന്‍,
അട്ടഹാസവുമായി അവള്‍.
ഹാസ്യം പകരാന്‍,
വിദൂഷകര്‍ മൂന്നുപേര്‍ വേറെയും.
കഥ അറിയാതെ
സദസ്സ്‌ ആര്‍ത്തുചിരിച്ചു
കൈഅടിച്ചു
സമ്മാനം കിട്ടിയവര്‍
കൊട്ടാരത്തില്‍ താമസമാക്കി
കിട്ടാത്തവര്‍ കരഞ്ഞു കരയിച്ചു.
അന്തം വിട്ടിരുന്നവര്‍ക്കും
SMS അയച്ചവര്‍ക്കും
കൊട്ടാരം വക ചാട്ടവാര്‍ കൊണ്ട്‌
ആറടിയും പിഴയും.

ഒരു SMS പ്രണയം

അവര്‍ രാത്രികള്‍ പകലാക്കി,
പകലോ മൂങ്ങയെ പ്പോലെ മിഴിച്ചിരുന്നു.
പ്രണയം തളിര്‍ത്തു പൂത്തു കുരുപൊട്ടി.
പുരാണ ഇതിഹാസ
കഥകള്‍ പലതും രചിച്ചു,
ചിലത്‌ പമ്മന്റെ കഥകളെക്കാള്‍
മികച്ചിരുന്നു
കാര്‍ഡുരച്ചും ചാര്‍ജുചെയ്തും
കാലം തള്ളിനീക്കി.
ശേഷിപ്പിത്രമാത്രം
തേഞ്ഞ ബട്ടണും
ഓഞ്ഞ വിരലും
പിന്നെ ക്കുറെ അശ്ലീല മെസ്സേജുകളും.

Monday, May 4, 2009

നിനക്കൊരു കത്ത്

വിണ്ടു കീറിയ പാടങ്ങളും,
മണല്‍ തിളയ്ക്കുന്ന പുഴയും,
പൂരം കഴിഞ്ഞ അമ്പലങ്ങളും കടന്ന് ,
നിന്റെ നാട്ടിലേക്ക്.
കിതപ്പകലാനൊരു തണലു
തേടി അലഞ്ഞു തുടങ്ങിയിട്ട്
കാലമെത്ര.....
നമ്മള്‍ കണ്ടുമുട്ടിയ, നിലാവു
നിഴല് വിരിച്ച രാത്രികള്‍,
നിന്റെ ഈറനണിഞ്ഞ ചുണ്ടുകള്‍,
മാറിണകള്‍ക്കിടയിലെ വിയര്പ്പുതുള്ളികള്‍,
കൊലുസിന്റെ കൊഞ്ചലുകള്‍,
ഓര്‍മ്മകളുടെ ഓരങ്ങളില്‍
പായലുകള്‍ പോലെ... എല്ലാം…
എനിക്കറിയാം വാരിക്കൂട്ടിയാല്‍
നഷ്ടങ്ങളുടെ കണക്കുകള്‍ കൂടി തന്നെ.
ആകാശത്തു മിന്നി മറഞ്ഞ കൊള്ളിമീന്‍ പോലെ
എവിടേക്കണു നീ മാഞ്ഞു പോയതെന്നറിയില്ല.
എങ്കിലും ചൂടകലുമ്പോഴൊരു
പുതുമഴയുടെ കുളിരുപോലെ
ഒരിക്കല്‍ കൂടി കാണാനൊരു മോഹവുമായി,

നിന്റെ സ്വന്തം

Sunday, August 24, 2008

ഹര്‍ത്താല്‍ ഓണം

കുത്തരിച്ചോറില്ല.
വെറുതെ തിളയ്ക്കാന്‍ ഇറ്റു വെള്ളമില്ല.
മുങ്ങിക്കുളിക്കുവാന്‍ പുഴകളില്ല.
പുത്തനുടുപ്പുകളൊന്നുമില്ലാ..
പുലരിയില്‍ നുള്ളുവാന്‍ പൂക്കളില്ല.
മുറ്റത്തു മുത്തപ്പന്‍ വന്നതില്ല.
പുള്ളുവന്‍ പാട്ടുകള്‍ ഓര്‍ത്തതില്ല.
കൊട്ടും കുരവയുമെങ്ങുമില്ലാ..
തിരുവാതിര പാട്ടിന്‍ താളമില്ല.
കൂട്ടിന്നൊരു പുലിക്കളിപോലുമില്ല.
പാടേ മുറിച്ചൊരാ പ്ലാവിന്റെ കൊമ്പില്‍
തൂങ്ങിയൊരു ഊഞ്ഞാലിന്‍ ഒര്‍മമാത്രം.
ഇന്നലെ പെയ്തോരാ മഴയെ
ചൊല്ലിയെന്‍ നാട്ടിലെങ്ങും
"ഇന്നു ഹര്‍ത്താല്‍ മാത്രം..."

Wednesday, June 25, 2008

ഭ്രാന്ത്‌....

ഇടിമിന്നലമര്‍ന്ന മഴയിലന്നു
പൈക്കിടാവുമായി തൊടിയിലൂടോടവേ
അമ്മ ചൊല്ലി.. "നിനക്കു ഭ്രാന്താണ്‌"................

നിലാവകന്നോരിടവഴിയിലെന്‍
സഖിതന്‍ ചാരത്തണയാന്‍ നടക്കവേ
എന്‍ തോഴനും ചൊല്ലി...
നിനക്കെന്താ ഭ്രാന്തുണ്ടോ............

പീടികതിണ്ണയിലൊരു മൂലയില്‍
കുറിച്ച കണക്കുകള്‍ക്കു കിട്ടിയ
തുട്ടുകള്‍ പോരെന്നു തോന്നി
അതു തട്ടിക്കളഞ്ഞപ്പോളെന്‍
നാട്ടാരും ചൊല്ലി.. ഇവനെന്താ ഭ്രാന്തുണ്ടോ....

എന്റെ വിളിക്കായി കാതോര്‍ത്തീ
കീറിയ പായയിലിന്ന്‌ ആശുപത്രി വരാന്തയില്‍
ക്കിടക്കുമ്പോള്‍ മനസിലോടിയതിതേ ചൊദ്യം
എനിക്കെന്താ ഭ്രാന്തുണ്ടോ...............

Monday, April 28, 2008

പ്രതീക്ഷ

ഓരോ തിരകള്‍ അകലുമ്പോഴും
നീയായെത്തുന്ന തിരയെയും
കാത്തു ഞാനീ തീരത്തുണ്ടാവും
മണല്‍ ഉണങ്ങുമ്പോഴും
നിലാവകലുമ്പോഴും
നിന്റെ കാല്പ്പാടുകള്‍
തേടി ഞാനിരിക്കും
എന്റെ ചെവികളിലേക്കാഴ്ന്നിറങ്ങുന്ന
ഓരോ ശബ്ദവും നിന്റെ
അധരത്തില്‍ നിന്നും കൊഴിഞ്ഞതാവണെ
എന്നു ഞാന്‍ കൊതിക്കും
പൊഴിയുന്ന ഓരോ മഴത്തുള്ളികളിലും
നിന്റെ മുഖം ഞാന്‍ കാത്തിരുന്നു
നീയെത്താത്ത ഓരോ നിമിഷവും
എന്റെ കണ്‍കോണുകളിലൊരു
മിഴിനീരായി നീ ഒലിച്ചിറങ്ങും

Wednesday, April 2, 2008

ആത്മഹത്യ...

ഉരുകിയ മോഹങ്ങളൊഴുകുന്നു കണ്‍തടങ്ങളില്‍
പിടക്കുന്നു മുറുകിയ നരമ്പില്‍
പായുന്ന ചോര പോലും
തൊടിയിലോടിക്കളിച്ചൊരാ പൈതല്‍
ഇന്നുമ്മറത്തെരിയും തിരിക്കരുകിലുറങ്ങുന്നു
ചോര വര്‍ന്ന മുലയൂട്ടുമൊരമ്മതന്‍ തേങ്ങലടങ്ങിയോ..
പാതിവഴിയിലൊറ്റപ്പെട്ടു പോയൊരാ
മോഹസൌധം ഉയര്‍ന്നരുകില്‍ നില്‍ക്കുന്നു
തോരാതാര്‍ത്തലച്ച മഴയില്‍
മുങ്ങിയതെന്നുടെ സ്വപ്നങ്ങള്‍
പായുന്ന പുഴയിലൊഴുകിയകന്നു
പുത്തന്‍ കതിരു പൊങ്ങിയ പാടങ്ങള്‍
വയല്‍ വരമ്പിന്നൊരത്തൂര്‍ന്ന
കയറില്‍ പിടക്കുന്നതെന്നുടെ സ്വപ്നങ്ങള്‍.......