Sunday, August 24, 2008

ഹര്‍ത്താല്‍ ഓണം

കുത്തരിച്ചോറില്ല.
വെറുതെ തിളയ്ക്കാന്‍ ഇറ്റു വെള്ളമില്ല.
മുങ്ങിക്കുളിക്കുവാന്‍ പുഴകളില്ല.
പുത്തനുടുപ്പുകളൊന്നുമില്ലാ..
പുലരിയില്‍ നുള്ളുവാന്‍ പൂക്കളില്ല.
മുറ്റത്തു മുത്തപ്പന്‍ വന്നതില്ല.
പുള്ളുവന്‍ പാട്ടുകള്‍ ഓര്‍ത്തതില്ല.
കൊട്ടും കുരവയുമെങ്ങുമില്ലാ..
തിരുവാതിര പാട്ടിന്‍ താളമില്ല.
കൂട്ടിന്നൊരു പുലിക്കളിപോലുമില്ല.
പാടേ മുറിച്ചൊരാ പ്ലാവിന്റെ കൊമ്പില്‍
തൂങ്ങിയൊരു ഊഞ്ഞാലിന്‍ ഒര്‍മമാത്രം.
ഇന്നലെ പെയ്തോരാ മഴയെ
ചൊല്ലിയെന്‍ നാട്ടിലെങ്ങും
"ഇന്നു ഹര്‍ത്താല്‍ മാത്രം..."

Wednesday, June 25, 2008

ഭ്രാന്ത്‌....

ഇടിമിന്നലമര്‍ന്ന മഴയിലന്നു
പൈക്കിടാവുമായി തൊടിയിലൂടോടവേ
അമ്മ ചൊല്ലി.. "നിനക്കു ഭ്രാന്താണ്‌"................

നിലാവകന്നോരിടവഴിയിലെന്‍
സഖിതന്‍ ചാരത്തണയാന്‍ നടക്കവേ
എന്‍ തോഴനും ചൊല്ലി...
നിനക്കെന്താ ഭ്രാന്തുണ്ടോ............

പീടികതിണ്ണയിലൊരു മൂലയില്‍
കുറിച്ച കണക്കുകള്‍ക്കു കിട്ടിയ
തുട്ടുകള്‍ പോരെന്നു തോന്നി
അതു തട്ടിക്കളഞ്ഞപ്പോളെന്‍
നാട്ടാരും ചൊല്ലി.. ഇവനെന്താ ഭ്രാന്തുണ്ടോ....

എന്റെ വിളിക്കായി കാതോര്‍ത്തീ
കീറിയ പായയിലിന്ന്‌ ആശുപത്രി വരാന്തയില്‍
ക്കിടക്കുമ്പോള്‍ മനസിലോടിയതിതേ ചൊദ്യം
എനിക്കെന്താ ഭ്രാന്തുണ്ടോ...............

Monday, April 28, 2008

പ്രതീക്ഷ

ഓരോ തിരകള്‍ അകലുമ്പോഴും
നീയായെത്തുന്ന തിരയെയും
കാത്തു ഞാനീ തീരത്തുണ്ടാവും
മണല്‍ ഉണങ്ങുമ്പോഴും
നിലാവകലുമ്പോഴും
നിന്റെ കാല്പ്പാടുകള്‍
തേടി ഞാനിരിക്കും
എന്റെ ചെവികളിലേക്കാഴ്ന്നിറങ്ങുന്ന
ഓരോ ശബ്ദവും നിന്റെ
അധരത്തില്‍ നിന്നും കൊഴിഞ്ഞതാവണെ
എന്നു ഞാന്‍ കൊതിക്കും
പൊഴിയുന്ന ഓരോ മഴത്തുള്ളികളിലും
നിന്റെ മുഖം ഞാന്‍ കാത്തിരുന്നു
നീയെത്താത്ത ഓരോ നിമിഷവും
എന്റെ കണ്‍കോണുകളിലൊരു
മിഴിനീരായി നീ ഒലിച്ചിറങ്ങും

Wednesday, April 2, 2008

ആത്മഹത്യ...

ഉരുകിയ മോഹങ്ങളൊഴുകുന്നു കണ്‍തടങ്ങളില്‍
പിടക്കുന്നു മുറുകിയ നരമ്പില്‍
പായുന്ന ചോര പോലും
തൊടിയിലോടിക്കളിച്ചൊരാ പൈതല്‍
ഇന്നുമ്മറത്തെരിയും തിരിക്കരുകിലുറങ്ങുന്നു
ചോര വര്‍ന്ന മുലയൂട്ടുമൊരമ്മതന്‍ തേങ്ങലടങ്ങിയോ..
പാതിവഴിയിലൊറ്റപ്പെട്ടു പോയൊരാ
മോഹസൌധം ഉയര്‍ന്നരുകില്‍ നില്‍ക്കുന്നു
തോരാതാര്‍ത്തലച്ച മഴയില്‍
മുങ്ങിയതെന്നുടെ സ്വപ്നങ്ങള്‍
പായുന്ന പുഴയിലൊഴുകിയകന്നു
പുത്തന്‍ കതിരു പൊങ്ങിയ പാടങ്ങള്‍
വയല്‍ വരമ്പിന്നൊരത്തൂര്‍ന്ന
കയറില്‍ പിടക്കുന്നതെന്നുടെ സ്വപ്നങ്ങള്‍.......

Sunday, February 17, 2008

മരണം

പതിരാവിലീ പെരുമഴയത്ത്‌,
ആരീ വതിലില്‍ മുട്ടിവിളിപ്പൂ.
മരണമാണതെന്നുറച്ചവന്‍
ഇരുട്ടിലിരുന്നു വിറക്കുമ്പോള്‍,
അറിയതെ തുടിക്കുമാ നെഞ്ചില്‍
കയ്യുകള്‍ ചേര്‍ത്തിരുന്നു പോയീ.
ജാലക തിരശീല നീങ്ങിയപ്പോള്‍,
ഒരു മാത്ര കണ്ടു കറുത്തോരു-
നിഴലാ വാതില്‍ പടിയിലനങ്ങുന്നു.
ഇരുളടഞ്ഞ മുറിയിലൂടെ ഓടവെ
തട്ടിവീണുടഞ്ഞൂ മീനുകള്‍
നീന്തിത്തുടിച്ചൊരാ ചില്ലുപാത്രം .
കാല്‍ തെറ്റിവീണതിന്‍ മീതെ
നെഞ്ചില്‍ തറച്ചോരു ചില്ലുമായി
ചിതറിത്തെറിച്ച മീനിനൊപ്പം
പിടയ്ക്കുമ്പോള്‍ കണ്ടു വീണ്ടും
അവനാ രൂപത്തെ ഒഴുകി മാറിയ
തിരശീലയിലൂടെ മഴയത്തു വന്നോരാ
കൊള്ളിമീനിനാല്‍
....."ഒരു നിലവുപോലെ ...
......സ്വന്തം പ്രണയിനിയെ...."

Wednesday, February 6, 2008

ഉറക്കം

ഉറക്കങ്ങള്‍ ഉണരാന്‍
‍ഇനിയും കഴിഞ്ഞില്ലെങ്കിലെന്നു
കരുതിയവള്‍ ഉറങ്ങാതെ
ഉറക്കം നടിച്ചു കിടന്നു.
കാല്‍ പെരുമറ്റം കേട്ടവള്‍
ഉറക്കമാണു വരുന്നതെന്നോര്‍ത്തു
കണ്ണുകള്‍ മുറുക്കെ അടച്ചുപോയി
ഉറക്കത്തെ പേടിച്ചില്ലൊരിക്കലും
ഉണര്‍ന്നതുമില്ലിന്നീ നേരം വരയ്ക്കും.

എന്റെ സഖി (പുതുമഴ)

പൊഴിയുന്നുവോ ഇന്നും
നിന്റെ മിഴിനീര്‍ തുള്ളികള്‍.
ഇരുളടഞ്ഞ ഗോവണിക്കോണിലെ
ജാലകത്തിന്നരുകിലായി
എന്നെയും നോക്കി നീ വിതുമ്പിയോ.
ആര്‍ദ്രമാം നിന്റെ ഇളം
തലോടലില്‍ കൊഴിഞ്ഞതെത്ര യാമങ്ങള്‍.
നിന്റെ കുളിരില്‍ എന്റെ ബാല്യം
ഓടിനടന്നെത്ര തൊടികളില്‍.
കാര്‍മേഘച്ചുരുളഴിഞ്ഞതില്‍നിന്നുതിരും
നിന്‍ പുന്ചിരികായി
കാത്തിരിപ്പൂ ഞാനിന്നും ഉമ്മറത്തിണ്ണയില്‍.
ഇന്നു നീ വന്നു ചേരുമെങ്കില്‍
‍നിന്റെ പാട്ടില്‍ ഞാനുറങ്ങീടും
രാവുണരോളവും.